അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണം; ജനം ഭീതിയില്‍; കൃഷി വ്യാപകമായി നശിപ്പിച്ചു;

 


 തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വന്യജീവി ശല്യം രൂക്ഷം. അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ വീടിന് സമീപത്ത് കാട്ടാനക്കൂട്ടം വീണ്ടും എത്തിയത് പ്രദേശവാസികളെ  ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കാട്ടാനക്കൂട്ടം വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മോഹനന്റെ വീടിന് തൊട്ടടുത്തുള്ള കൃഷിയിടത്ത് നിലയുറപ്പിച്ച ആനകള്‍, തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ പിഴുതെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്തു. 

വലിയ ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാര്‍ ആനകളെ  കാട്ടിലേക്ക് ഓടിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതേ പ്രദേശത്ത് വെച്ച് മോഹനന്‍ എന്ന കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നത്. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ്, കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയില്‍ തമ്പടിക്കുന്നത്. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തണമെന്നും, കാട്ടാനകളെ കാടുകയറ്റാന്‍ സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items